വിശുദ്ധ കുർബാന സ്വീകരിക്കാനായിട്ടുള്ള പ്രായം ഏഴു വയസ്സാക്കി കുറയ്ക്കാന് പത്താം പീയുസ് മാര്പാപ്പയെ പ്രേരിപ്പിച്ച ബാലികയുടെ കഥ
1903 ലാണ് അയർലണ്ടിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ നെല്ലി എന്ന കുട്ടി ജനിക്കുന്നത്. അവളുടെ പിതാവ് വില്ല്യം ബ്രിട്ടീഷ് സൈന്യത്തിലെ ഒരു അംഗമായിരുന്നു. രണ്ടാം വയസ്സിൽ തന്നെ സാധാരണയായി ആ പ്രായത്തിലുള്ള കുട്ടികളിൽ ഇല്ലാത്ത ഒരു ആത്മീയത അവൾ പ്രകടിപ്പിക്കാൻ തുടങ്ങി. “പരിശുദ്ധനായ ദൈവത്തെ” ഞാൻ കാണുന്നു എന്ന് ദേവാലയത്തിൽ വില്യമിന്റെ കൈ പിടിച്ചു പോകുമ്പോൾ അവൾ പറയുമായിരുന്നു.
നെല്ലി അതുവരെ ഒരിടത്തു നിന്നുപോലും കേൾക്കാൻ സാധ്യതയില്ലാത്ത ഒരു വാക്കാണ് “പരിശുദ്ധനായ ദൈവം” എന്നത് എന്നും അതിനാൽ അവൾ ഇപ്രകാരം ആ വാക്ക് പലപ്പോഴായി പറയുന്നത് കേട്ടപ്പോൾ തന്നിൽ ആശ്ചര്യം ഉണ്ടായിട്ടുള്ളതായും വില്യം പിന്നീട് ഇതേ കുറിച്ച് പറഞ്ഞിരുന്നു.

നെല്ലി ജനിച്ച് മൂന്ന് വർഷങ്ങൾക്കുശേഷം ട്യൂബർകുലോസിസ് രോഗം പിടിപെട്ട് അവളുടെ അമ്മ മരിച്ചു. അമ്മയില്ലാത്ത കുട്ടികളെ നോക്കാൻ ബുദ്ധിമുട്ട് നേരിട്ട വില്യം ഇടവക വികാരിയച്ചനെ സമീപിച്ചു. അങ്ങനെ അച്ചന്റെ ശുപാർശപ്രകാരം നെല്ലിയും സഹോദരങ്ങളെയും ഒരു സന്യാസിനി മഠം ഏറ്റെടുത്തു. കുഞ്ഞ് നെല്ലി അവിടെയുള്ള സന്യാസിനികളെ “അമ്മമാർ” എന്നായിരുന്നു വിളിച്ചിരുന്നത്. നെല്ലിയുടെ സമീപത്തായി ഉറങ്ങിയിരുന്ന മേരി എന്ന കുട്ടി പലപ്പോഴായി നെല്ലി രാത്രിയിൽ കരയുന്നതും,ചുമക്കുന്നതും കേൾക്കുമായിരുന്നു. എന്നാൽ നെല്ലി ഒരിക്കൽപോലും തനിക്ക് അസുഖമുണ്ടെന്ന് ആരോടും പരാതി പറഞ്ഞിരുന്നില്ല. എന്നാൽ മേരി ഈ വിവരം സന്യാസിനിളോട് പറയുകയും അവർ നെല്ലിയെ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോവുകയും ചെയ്തു. പരിശോധനയിൽ മുമ്പ് ഉണ്ടായ ഒരു വീഴ്ചയിൽ നെല്ലിയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതുമൂലം അവൾക്ക് ഇരിക്കുവാനും, ഒരുപാട് നേരം നിൽക്കാനും വലിയ പ്രയാസം അനുഭവപ്പെട്ടിരുന്നു. മൂന്നു വയസ്സുകാരി ആയിരുന്നെങ്കിലും നെല്ലിക്ക് കത്തോലിക്കാ വിശ്വാസത്തെപ്പറ്റി അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നതായി സന്യാസിനികൾ സാക്ഷ്യപ്പെടുത്തുന്നു.അവൾക്ക് നിരന്തരം ചാപ്പൽ സന്ദർശിക്കാൻ വലിയ ആനന്ദമായിരുന്നു. “പരിശുദ്ധനായ ദൈവത്തിന്റെ ഭവനം” എന്നായിരുന്നു അവൾ ചാപ്പലിനെ വിശേഷിപ്പിച്ചിരുന്നത്. കുരിശിന്റെ വഴി ആ ചെറിയപ്രായത്തിൽ അവൾക്ക് മനപ്പാഠമായിരുന്നു. ഈ നാളുകളിൽ അമ്മയെ പോലെ അവൾക്കും ട്യൂബെർക്കുലോസിസ് രോഗം പിടിപെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഏതാനും മാസങ്ങൾ മാത്രമാണ് ഡോക്ടർമാർ അവൾക്ക് ആയുസ്സ് പ്രവചിച്ചത്. പരിശുദ്ധ കുർബാനയെ അവൾ അത്യഗാധമായി സ്നേഹിച്ചിരുന്നു. അവൾക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ പ്രായമായിട്ടില്ലാത്തതിനാൽ വിശുദ്ധകുർബാന സ്വീകരിച്ചുവരുന്ന സന്യാസിനിമാരോട് തന്നെ ചുംബിക്കാൻ അവൾ പറയുമായിരുന്നു. അന്ന് വിശുദ്ധകുർബാന സ്വീകരിക്കണമെങ്കിൽ സഭയുടെ നിയമമനുസരിച്ച് 12 വയസ് എങ്കിലും വേണമായിരുന്നു. നെല്ലിയുടെ വിശ്വാസ തീഷ്ണത കണ്ട് സ്ഥലത്തെ മെത്രാൻ വൈദികരുമായി കൂടിക്കാഴ്ച നടത്തി അവൾ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ഥൈര്യലേപനവും, വിശുദ്ധ കുർബാനയും നൽകി. 1908 ഫെബ്രുവരി മാസം രണ്ടാം തീയതി അവൾ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നെല്ലിയുടെ ദിവ്യകാരുണ്യ ഭക്തിയെ പറ്റിയുള്ള കഥ വത്തിക്കാനിലുമെത്തി. അന്ന് വിശുദ്ധ കുർബാന കുട്ടികൾക്ക് നൽകാനായിട്ടുള്ള പ്രായപരിധി പന്ത്രണ്ടിൽ നിന്നും ഏഴു വയസാക്കി ചുരുക്കാൻ പത്താം പീയൂസ് മാർപാപ്പയ്ക്ക് പദ്ധതിയുണ്ടായിരുന്നു. നെല്ലിയുടെ ജീവിതകഥ വിശുദ്ധ കുർബാന സ്വീകരിക്കാനായിട്ടുള്ള പ്രായപരിധി കുറയ്ക്കാൻ ദൈവം നൽകുന്ന സൂചനയായി പത്താം പീയൂസ് മാർപാപ്പയ്ക്ക് തോന്നി. അങ്ങനെ പ്രായപരിധി പന്ത്രണ്ടിൽ നിന്നും ഏഴായി പുനർനിശ്ചയിച്ചുകൊണ്ട് മാർപാപ്പ ഒരു ഔദ്യോഗിക ഡിക്രി പുറപ്പെടുവിച്ചു. ബാലികാബാലന്മാർ നെല്ലിയെ മാതൃകയായി സ്വീകരിക്കണമെന്ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ പിന്നീട് എഴുതി. കുഞ്ഞ് നെല്ലിയുടെ വിശ്വാസ സാക്ഷ്യം ഇന്നും അനേകർക്ക് പ്രചോദനമാണ്.



Inspiring